നേരം വെളുത്തിട്ടും നന്നേ രാത്രിയുടെ പ്രതീതി. മഴ അതിന്റെ ലാളനകളോടെ ഊര്‍ന്നിറങ്ങുമ്പോള്‍ മുത്തശ്ശി മടിയില്‍ കിടത്തി കഥ പറഞ്ഞു തരുന്ന അനുഭവം. അതിന്റെ ശബ്ദം കുളിര് കോരിയിടുന്നു. എന്നിട്ടും ഉറക്കം വന്നില്ല. എന്റെ മനസ്സ് ആ മഴ പറയുന്ന കഥയിലൂടെ നടക്കുവാന്‍ ആഗ്രഹിച്ചു. ഭൂമിയില്‍ പതിക്കുവാനുള്ള മഴത്തുള്ളിയുടെ ആവേശം കണ്ടാല്‍ അവര്‍ പ്രണയിച്ചു പരിണയിക്കുകയാണെന്നു തോന്നും. എന്നിട്ടും തീര്‍ന്നില്ല. വീണ്ടും ഒഴുകുന്നു. ഒഴുകികൊണ്ടേയിരിക്കുന്നു. എവിടൊക്കെയോ ഇനിയും എത്തിച്ചേരാന്‍ ഉള്ളത് പോലെ. ഭൂമിയെ തണുപ്പിക്കാനുള്ള ആവേശം പോലെ, ഊര്‍ന്നിറങ്ങുന്നു ഭൂമിയുടെ നവദ്വാരങ്ങളിലൂടെ. എന്റെ പൂര്‍വികരുടെ കല്ലറകളില്‍അവരുടെ അസ്ഥികളെയും നനയിച്ചിട്ടുണ്ടാവാം ഈ മഴ. അതൊഴുകുന്ന വഴികളില്‍ തലോടലേറ്റ് കല്ലുകള്‍ കണ്ണിറുക്കിയടച്ചു കിടക്കുന്നു,വേരുകള്‍ വഴികാട്ടികൊടുക്കുന്നു.എന്റെ ചിന്തകളുടെ ഒഴുക്കും ആ മഴയോടൊപ്പം ഒരു വേരില്‍ തട്ടി നിന്നു.
മഴവെള്ളത്തില്‍ നിന്നും ജനനം കൊള്ളുന്ന ചില നേഴ്സുമാര്‍ ഇടംവലം മൂളിപ്പാട്ടും പാടി നടക്കുന്നു. അവയിലൊരുവളെന്റെ പള്ളക്കു കുത്തി. അപാരശക്തി തന്നെ. എന്തൊരു ചൊറിച്ചില്‍. നൂറു നൂറു കച്ചേരികള്‍ക്കിടയില്‍ നിന്നും എന്നെ കുത്തിയ ഭാഗവതരെ കണ്ടു പിടിക്കും എന്ന വാശിയോടെ ഞാന്‍ ചാടി എണീറ്റു. ഭാഗവതര്‍ പേടിച്ചിട്ടുണ്ടാവണം. എന്തൊരതികായനായ മനുഷ്യന്‍. ഈ കലിയില്‍ ബലിഷ്ടമായ ആ കരമൊന്നു വീശിയാല്‍, തീര്‍ന്നു ഭാഗവതരുടെ ജന്മം. അങ്ങനെ ഊറ്റം കൊണ്ട് നില്‍ക്കുമ്പോള്‍ പെട്ടെന്നൊരു കൂറ പറന്നു വന്ന് എന്‍റെ മുഖത്തടിച്ചു. കൈ രണ്ടും വായുവില്‍ കറക്കികൊണ്ട് ഹൂ...ഹാ..ഹൊ. ബലിഷ്ടന്‍ ബലിയോളമായി. ഞാന്‍ പേടിച്ചു പോയി.
ചെറിയ മഴനൂലുകള്‍ക്കിടയിലൂടെ കാറ്റു വീശുന്നു. ഊര്‍ജതന്ത്രത്തിന്റെ ചെറുചൂളം വിളിയോടെ. അതിന്റെ ഉപോല്പന്നം, ഒരു തൂവാനം എന്റെ മേലടിച്ചു . ആ വാശിക്കു ഞാനൊരു കട്ടന്‍ തീര്‍ത്തു. തെല്ലൊരാശ്വാസം ഒരു ദീര്‍ഘനിശ്വാസത്തോടെ പുറത്തു വന്നു. ഞാന്‍ പുറത്തേക്കിറങ്ങി നടന്നു. നടന്നിരുന്നു. നടന്നുകൊണ്ടേയിരിക്കുകയായിരുന്നു. മരങ്ങള്‍ക്കിടയിലൂടെ ഞാന്‍ നീങ്ങി. എന്നേക്കാള്‍ പ്രായം തോന്നുന്ന തരുക്കള്‍ മൌനമായി കണ്ണീരണിഞ്ഞുനില്‍ക്കുന്നു. ചുറ്റുപാടും മുഴച്ചു നില്‍ക്കുന്ന വേരുകള്‍. ഇവയിലേതിലോ എന്റെ ചിന്ത ഉടക്കികിടപ്പുണ്ട്. ഞാന്‍ ഓര്‍മ്മയില്‍ ചികഞ്ഞു.ആ വേരു കണ്ടു. അത് ഭൂമിക്കു മുകളില്‍ മുഴച്ചുമുറ്റിനില്‍ക്കുന്നു. ഒരു നാനാര്‍ത്ഥ പടുവേര്. അതിനു മുകളിലെ മുറിവുകള്‍ കണ്ടാലറിയാം നല്ല പടുത്വം ഉണ്ടെന്ന്. ഒരിക്കല്‍ ഭൂമിയുടെ ആഴങ്ങളിലേക്ക് ആഴ്ന്ന വേര്. അന്നത്തെ അടിവേര്. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് കണ്ടെത്തിയ ആഴങ്ങള്‍ പരപ്പായി, പരപ്പുകളില്‍ നിന്നും ആഴങ്ങളുണ്ടായി, ആഴങ്ങളില്‍ പുതിയ അടിവേരുകളും ഉണ്ടായി. പുറംലോകത്തെ കണ്ടപ്പോഴാകാം,മഴയിലലിഞ്ഞൊഴുകുന്ന മണ്ണിനെ കണ്ടപ്പോഴാവാം, മണ്ണും മഴയും തമ്മിലുള്ള കടുത്ത പ്രണയം വേരറിഞ്ഞത്. പ്രകൃതിയില്‍ പ്രണയം മാത്രമേ ഉള്ളു. അല്ലേ? മണ്ണും മഴയും, കാറ്റും മരവും, പൂക്കളും വണ്ടുകളും, ആകാശവും മേഘവും അങ്ങനങ്ങനെ പരസ്പരം പുണരുന്നവ മാത്രം. അല്ലേ? അല്ല. അതു പ്രകൃതി മാത്രം. ഇനി പുരുഷനുണ്ട്. പുരുഷനെന്തെല്ലാമുണ്ട്. ബലം, ബുദ്ധി, ബന്ധുത്വം, ബുദ്ധിമുട്ടുകള്‍, ബദ്ധപ്പാടുകള്‍, വിശപ്പ് അങ്ങനെ എന്തെല്ലാം. പിന്നെ അവന്റെതായ ഒരു പ്രകൃതിയും.
പ്രകൃതിയുടെ വിശപ്പും ദാഹവും വേരോളം അനുഭവിച്ചത് വേറാരുണ്ട്. വേരുതന്നെ. അതതിനെ ഭൂമിയുടെ ആഴങ്ങളില്‍ പരതുവാന്‍ പ്രലോഭിപ്പിച്ചു. അങ്ങനെ ആ വേര് പടുവേരായി. കാത്തിരിപ്പുകള്‍ ഒരുപാടുണ്ടായിരുന്ന ഒരു വേര്. എല്ലാം കാത്തിരുപ്പല്ലേ? ജീവിതം തുടങ്ങുവാനുള്ള കാത്തിരുപ്പ്. അത് മെച്ചപ്പെടുത്തുവാന്‍ കാത്തിരുപ്പ്. അതിനിടയില്‍ തന്നെ പിന്നെയും എത്രയെത്ര കാത്തിരിപ്പുകള്‍. എങ്കിലും അന്ത്യമായ് പിന്നെയും കാത്തിരുപ്പ്. അന്ത്യത്തിനായുള്ള കാത്തിരുപ്പ്. പ്രകൃതിയെ നിലനിര്‍ത്തുവാന്‍ ഭൂമിയിലേക്ക് മാത്രം ജീവിച്ചിറങ്ങിയ വേര്. ഇന്ന് പ്രകൃതി പോയിട്ടും കാത്തിരിക്കുന്ന ഒരു കാത്തിരുപ്പ്. വെറുതെയല്ല ആ കാത്തിരുപ്പ്. ഉറച്ചു തന്നെ. ആ കാത്തിരുപ്പിന് ഭൂമിക്ക് മുകളില്‍ തണലേകുവാന്‍ കിളിര്‍ത്ത കുഞ്ഞുങ്ങള്‍. ആ കുരുന്നുകള്‍ മുള പൊട്ടുവാന്‍ എത്രമേല്‍ കാത്തിരുന്നെന്നോ,ആ പുരുഷനും അതിന്റെ പ്രകൃതിയും. മുള പൊട്ടി. പൊട്ടി വിരിഞ്ഞിരുന്നു. ജീവവായുവിനായി തളിരിലകള്‍ വിടര്‍ത്തി.ജീവജലത്തിനായി തളിര്‍വേരുകളും ആഴ്ത്തി. ആ പടുവേരും ഒരിക്കല്‍ തളിര്‍വേരായിരുന്നു. 'തളിര്‍വേരോ'? അതെ. ഇന്നത്തെ പടുവേര്...