29 സെപ്റ്റംബർ 2012

"കൈയൊപ്പ്‌ "

രഞ്ജിത്തിന്റെ കൈയൊപ്പ്‌ എന്ന ചിത്രം കാണാന്‍ ഇടയായി. വളരെ നന്നായിരിക്കുന്നു. ഇന്നിന്റെ കാല-അവസ്ഥയില്‍ ആവശ്യമായ ഒരു ചിത്രം. അതിലെ കഥാപാത്രങ്ങള്‍ക്ക് വളരെയേറെ ശക്തിയുണ്ട് . അതില്‍ അസോഭാവികത്വം ഇല്ലതാനും. കേരളത്തിന്റെ മാറ്റങ്ങള്‍ ഉള്‍കൊള്ളുവാന്‍ കഴിഞ്ഞ പടങ്ങള്‍ ഒരുപാടുള്ളപ്പോള്‍ ആ മാറ്റം മനസിന്റെ ഏത് അവസ്ഥയില്‍നിന്നും കൂടി ആയിരിക്കണം എവിടേക്ക് ആയിരിക്കണം എന്നുപറയുന്ന ഒരു ചിത്രമാണ് കൈയൊപ്പ്‌.... . . കുട്ടിയായിരുന്നപോള്‍ എനിക്ക് സ്കൂളില്‍ പോകുന്നത് ഇഷ്ടമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് സ്കൂളില്‍ പോകുമ്പോള്‍ ഞാന്‍ ആലോചിച്ചിരുന്നു, എവിടേക്കാണ് ഈക്കണ്ട ആള്‍ക്കാരൊക്കെ പോകുന്നത് എന്ന്. വെറുതെ ധിറുതിയില്‍ ബസ്‌സ്റ്റാന്‍ഡിലും നടപ്പാതയിലും മറ്റും തിങ്ങി നിറഞ്ഞു പോകുന്ന മനുഷ്യര്‍. ഒരു കാര്യവും കാണില്ലായിരിക്കും. വെറുതെ നടക്കുന്നു. ഇതിനുമാത്രം ഈ ഭൂമിയില്‍  എന്തു നടക്കുന്നു എന്ന്. എന്നാല്‍ ഓരോ മനുഷ്യരുടെയും യാത്രയും വെറുതെയല്ല, എല്ലാത്തിനും അതിന്റെതായ ലക്ഷ്യമുണ്ട് എന്ന് ഈ ചിത്രത്തില്‍ നമുക്ക് മനസ്സിലാകും.ഇത് എന്‍റെ മനസ്സിനെ ഏറെ സ്വാധീനിച്ച ഒരു കഥയാണ്‌... . രഞ്ജിത്-ന് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .

09 മേയ് 2012

ഒരു മുഖം കൂടി.

ശാന്തമായ്  പെയ്ത  മഴയോട്   ഭൂമി ചോദിച്ചു,
                 "നിനക്കെന്നെ പ്രണയിക്കാമോ" എന്ന്. മഴത്തുള്ളികള്‍ ഭൂമിയിലാകെ പരന്നൊഴുകി. ആ  സ്നേഹത്തിന്റെ   ഈര്‍പ്പം  വായുവിലും  തങ്ങിനീണ്ടുനിന്നു . ഏതോ  ഒരു  വിത്തിനെ  മുളപ്പിക്കാന്‍ പാകത്തിന്   അത്‌   വളര്‍ന്നു .ആ  വിത്ത്   അതിന്റ  വേരുകള്‍ ഭൂമിയിലേക്ക്‌  ആഴത്തി. കാലങ്ങള്‍ക്കിപ്പുറം അത്  വളര്‍ന്നു പന്തലിച്ചിരിക്കുന്നു. പെയ്തവ   പെയ്തവ  ഭൂമി ആര്‍ത്തനുഭവിച്ചു . ചില  ഇടങ്ങളില്‍ കെട്ടിക്കിട ന്നു. ചില  ഇടങ്ങളില്‍ ഒലിച്ചിറങ്ങിപോയ്‌ . അതുകൊണ്ടുതന്നെ ഭൂമിക്കു കൊതി തീര്‍ന്നില്ല. മഴ  പെയ്ത് തോര്‍ന്നതുമില്ല . ഒരു  പച്ചില  ഭൂമിയില്‍  വീഴുന്നതുവരെ കാറ്റുണ്ടെന്ന്‍   അവര്‍  അറിഞ്ഞതുമില്ല. 

02 മാർച്ച് 2012

ഒരു രാത്രി ഒരു പ്രണയം


                               നിലാവിന്റെ നീലിമയില്‍ അരിച്ചിറങ്ങുന്ന തണുപ്പ്. എന്നിട്ടും ഞാന്‍ ഇറങ്ങി നടന്നു. പ്രകൃതിയിലെ സ്വന്തം പ്രകൃതിയെയും തേടി.പ്രഭാതത്തിലേക്കുള്ള വഴിയറിയാതെ. വഴിയറിയാമായിരുന്നെങ്കില്‍ തിരികെ നടക്കാമായിരുന്നു. കാരണം എനിക്കവളെ ഇഷ്ട്ടമാണ് . രാത്രിയെ. വെണ്‍ചന്ദ്രന്റെ പുഞ്ചിരിയില്‍ മയങ്ങി ഭസ്മവും വാരിച്ചുറ്റി നില്‍ക്കുന്ന അവളെ കാണാന്‍ എത്ര സുന്ദരിയാണ്. അവള്‍ ലജ്ജാവതിയാണ്. അവള്‍ ലോലചിത്തയാണ്. മംഗളദായകയാണ്. വിശ്രമവും ഉറക്കവും അവളില്‍ നിന്നും ഉണ്ടാകുന്നു. സ്വപ്നങ്ങളെ അണിയിചൊരുക്കുന്നു, അവളില്‍ എത്തിച്ചേരുന്ന എല്ലാവര്‍ക്കും വേണ്ടിതന്നെ. അവള്‍ നല്‍കുന്നത് സുഖം മാത്രമല്ല, ഉണരുമ്പോള്‍ വേണ്ടുന്ന ഊര്‍ജവുംകൂടിയാണ്. അവളെ തിരിച്ചറിയുവാന്‍ വേണ്ടുന്ന രസതന്ത്രം എല്ലാവരിലും പ്രകൃതി നിറച്ചിരിക്കുന്നു. രാത്രി അരികിലെത്തുമ്പോള്‍ വാ പിളര്‍ന്ന് നാം അവളില്‍നിന്നും അന്നം വാരിയുണ്ണുന്നു. അവളെ കണ്ടാല്‍ പ്രണയിക്കുവാന്‍ തോന്നും.
                              അവള്‍ക്കെങ്ങനെ മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കുവാന്‍ കഴിയും. ചിലര്‍ക്കെങ്കിലും അവളെ എങ്ങനെ പേടിക്കുവാന്‍ കഴിയുന്നു.അവളറിയാതെ അവള്‍ക്കുപുറകില്‍ പതിയിരിക്കുന്നതിനെയാണ് നമുക്കു പേടി. വിശപ്പ്‌ കൂടിയിട്ടാണവര്‍ പതിയിരിക്കുന്നത്‌. വയറിനു വിശപ്പ്‌, മനസ്സിനും വിശപ്പ്‌. പണത്തിനായുള്ള വിശപ്പ്‌, കൂടെ പണത്തിന്റെ വിശപ്പും. എല്ലാം കൂടി രാത്രിയില്‍ പതിയിരിക്കുന്നു.
                             ഒരു ശ്വാസം വലിച്ചുവിട്ട് ഞാന്‍ പിന്‍തിരിഞ്ഞുനോക്കി. എനിക്കു പിന്നിലായ് വല്ല വിശപ്പും കാത്തിരിപ്പുണ്ടോ? ആവു. ആര്‍ക്കറിയാം. ആലോചിച്ചിട്ടു പേടിയാകുന്നു. ആ പോട്ടെ, എന്തിനതാലോചിക്കണം. ഞാന്‍ നടന്നകന്നു. വിശാലമായ ഈ ഭൂമിയിലൂടെ. ഞാന്‍ നോക്കി നിന്നു. ആ ആകാശത്തെ, അതിന്റെ വിശാലതയെ. വിരിച്ചിട്ട ആകാശത്ത്‌ വിതറിയിട്ടിരിക്കുന്ന നക്ഷത്രങ്ങള്‍. പ്രകൃതിയില്‍ കൂടി-പിറന്ന ആ നക്ഷത്രങ്ങളിലൊന്നിനെ എനിക്കുവേണം. അനുഭവങ്ങള്‍ നല്‍കാന്‍. അനുഭവിക്കാന്‍. ഒരു ചിത്രം വരച്ചു കൊടുക്കാന്‍, ഒരു കഥ പറഞ്ഞു കൊടുക്കാന്‍, ഒരു ഗാനം പാടി കേള്‍പിക്കാന്‍, ഈ നിലാവില്‍ കരംഗ്രഹിക്കാന്‍, എന്റെ നെഞ്ചോടു ചേര്‍ത്തുറക്കാന്‍ .
                            ഒരു നക്ഷത്രത്തെ ഞാന്‍ കണ്ടു. അതെന്നെ നോക്കി കണ്ണുചിമ്മി. ഞാനാപ്രഭയിലലിഞ്ഞുനിന്നു. അവളൊരു കുഞ്ഞുമാലാഖയായി എന്നരികില്‍ വന്നു. ഞാനാകരംഗ്രഹിച്ചു .അധരങ്ങള്‍ തമ്മില്‍ കഥ പറഞ്ഞു .പ്രകൃതിയിലെ സംഗീതം ഞാന്‍ കേട്ടുനിന്നു .അതിലെന്റെ ശ്രുതിയുമവളായിവന്നു. ജീവിതം ചിത്രമായ് വരച്ചു ഞാന്‍ നിന്നു. അതിലെന്റെ നിറങ്ങളവളായിനിന്നു. അതിലെന്റെ പ്രണയമായ് ചേര്‍ന്നുനിന്നു. രാവിന്റെ കാഴ്ച്ചയെ വര്‍ണിച്ചുംകൊണ്ടവള്‍ എന്റെ  മാറിലായ് ചേര്‍ന്നുറങ്ങി.
                           എന്തൊരോച്ച... അപായമണി പോലെ. ഞാനുണര്‍ന്നുപോയ്‌ . ഹൊ...നേരം വെളുത്തുപോയ്‌. കോഴികള്‍ വേണമെന്നില്ല, ഇപ്പോള്‍ മണി മുഴങ്ങിയാലും നേരം വെളുക്കും. പ്രകൃതി നിറച്ചതില്‍ മണിയുടെ രസതന്ത്രവും കാണണം. ഞാന്‍ പിറകിലോട്ടോര്‍ത്തു. ശരിക്കും രാത്രിയെ ആഗ്രഹിച്ചുപോയ്‌. രാത്രി തീരില്ലെന്ന് ആശിച്ചുപോയ്‌. എന്റെ വിശപ്പകന്നു.മൂരി നിവര്‍ന്നുകൊണ്ട് അന്നം മതിയെന്നുവച്ചു. അവള്‍, രജനി ഇനിയും വരും വരെ ഈ ഊര്‍ജത്തിന്റെ തന്ത്രത്തിലൂടെ.

14 ഫെബ്രുവരി 2012

പാഠം 1 - ഒരു പ്രേമലേഖനം

എന്റെ പ്രീയപ്പെട്ടവളെ ,
                              നിന്നെ ഞാന്‍ എത്രകണ്ട്‌ സ്നേഹിക്കുന്നെന്നോ. ഇനിയും പറയാത്ത നിന്‍ സ്നേഹത്തിനായ് ഒരുകുട്ട പൂവുമായ് നിന്‍ വഴികളില്‍ ഞാന്‍ കാത്തുനില്കുന്നു. പൂക്കള്‍ പൊലിഞ്ഞു, പൂച്ചെണ്ടുകള്‍ പിടഞ്ഞു. എന്നിട്ടും നീ മാത്രം എന്തിനെനോട്‌  അകന്നുനില്കുന്നു  . സമുദ്രം നിറഞ്ഞു നില്‍ക്കുന്നത് പോലെ, ആകാശം വിരിച്ചിട്ടിരിക്കുന്നത്‌ പോലെ, എനിക്ക് നിന്നോട് പ്രണയമുണ്ട്. നിന്റെ ശബ്ദങ്ങള്‍ എന്റെ ഹൃദയത്തില്‍ മുഴങ്ങി കേള്‍ക്കുന്നു. നിന്റെ ചിരികള്‍ എന്റെ കാതില്‍ നിറഞ്ഞു നില്കുന്നു. നിന്റെ മുഖംമാണ്  എന്റെ കണ്ണുകളില്‍. നിന്നോടുള്ള പ്രണയമാണ് എന്റെ ഹൃദയത്തില്‍. എന്റെ പ്രാര്‍ത്ഥനകളില്‍ പോലും നീയുണ്ട്. ഈ നിലാവിനെയും  അതിനു പുണരുവാന്‍ ഈ ഭൂമിയെയും സൃഷ്ട്ടിച്ച ദൈവം സ്നേഹമാണ്‌ , പ്രണയത്തിന്റെ ജാലകമാണ്.
                             കാറ്റ് മരത്തോടു മന്ത്രിക്കുന്നു , മഴ ഭൂമിയോട് ചൊല്ലുന്നു, അലകള്‍ തീരത്തോട് പറയുന്നു, എന്റെ ഹൃദയം നിന്നോടും മൊഴിയുന്നു. എല്ലാം ഒന്ന് തന്നെ -"എനിക്ക് നിന്നോട് പ്രണയമാണെന്ന്. സന്ദ്യയുടെ മൂര്‍ധാവില്‍ സൂര്യന്‍ ചാലിച്ചിട്ട നിറം നമ്മുടെ ഹൃദയത്തിന്റെ നിറമാണ് . നിന്റെ മൂര്‍ധാവില്‍ തൊടുവാനായ്  ഞാന്‍ കാത്തുവച്ച നിറം. നിന്റെ ചെഞ്ചുണ്ടിനാല്‍ എന്റെ ഹൃദയത്തില്‍ പുഞ്ചിരിയാല്‍  തീര്‍ത്ത നിന്‍ പ്രണയത്തിന് ചുവന്ന റോസാപൂവിന്റെ മണമാണ്. സത്യമായ എന്റെ പ്രണയത്തെ തോട്ടല്ലാതെ ഞാന്‍ ഇനി എങ്ങനെ പറയുവാന്‍ , 'എനിക്ക് നിന്നോട് പ്രണയമാണ് '.നിന്റെ ഇഷ്ട്ടം നീ ഇനിയും എന്നോട് പറയാത്തതെന്തെ? ഇതു വായിക്കുമ്പോള്‍ നിന്റെ ഹൃദയമിടിപ്പിന്റെ താളം മുറുകിയെങ്കില്‍, നിന്റെ കണ്ണുകള്‍ ഈ വരികള്‍ക്കിടയില്‍ ഓടിയെങ്കില്‍, അവ പോലും പറയുന്നു പ്രീയെ നിനക്ക് എന്നോട് പ്രണയമാണെന്ന്. ആ പ്രണയം ഒരു പുഞ്ചിരിയായ്‌, ഒരു പൂവായ് നീ എനിക്ക് തരില്ലേ? ആ പ്രണയപുഷ്പം എനിക്കുവേണം. ഒരിക്കലും വാടാത്ത പുഷ്പമായ് എന്റെ ഹൃദയത്തോട് ചേര്‍ത്തുവയ്കാന്‍ .
                                                                                എന്ന്,
                                                                                          നിന്നെ സ്നേഹിക്കുന്ന ഹൃദയം.

06 ജനുവരി 2012

പടുവേര്

                                                   നേരം  വെളുത്തിട്ടും  നന്നേ  രാത്രിയുടെ  പ്രതീതി. മഴ അതിന്റെ   ലാളനകളോടെ ഊര്‍ന്നിറങ്ങുമ്പോള്‍ മുത്തശ്ശി മടിയില്‍ കിടത്തി കഥ പറഞ്ഞു തരുന്ന അനുഭവം. അതിന്റെ  ശബ്ദം കുളിര് കോരിയിടുന്നു. എന്നിട്ടും ഉറക്കം വന്നില്ല. എന്റെ  മനസ്സ് ആ മഴ പറയുന്ന കഥയിലൂടെ നടക്കുവാന്‍ ആഗ്രഹിച്ചു. ഭൂമിയില്‍ പതിക്കുവാനുള്ള മഴത്തുള്ളിയുടെ ആവേശം കണ്ടാല്‍ അവര്‍ പ്രണയിച്ചു  പരിണയിക്കുകയാണെന്നു തോന്നും. എന്നിട്ടും തീര്‍ന്നില്ല. വീണ്ടും ഒഴുകുന്നു. ഒഴുകികൊണ്ടേയിരിക്കുന്നു. എവിടൊക്കെയോ ഇനിയും എത്തിച്ചേരാന്‍ ഉള്ളത് പോലെ. ഭൂമിയെ തണുപ്പിക്കാനുള്ള ആവേശം പോലെ, ഊര്‍ന്നിറങ്ങുന്നു ഭൂമിയുടെ നവദ്വാരങ്ങളിലൂടെ. എന്റെ പൂര്‍വികരുടെ കല്ലറകളില്‍അവരുടെ അസ്ഥികളെയും നനയിച്ചിട്ടുണ്ടാവാം ഈ മഴ. അതൊഴുകുന്ന വഴികളില്‍ തലോടലേറ്റ് കല്ലുകള്‍ കണ്ണിറുക്കിയടച്ചു കിടക്കുന്നു,വേരുകള്‍ വഴികാട്ടികൊടുക്കുന്നു.എന്റെ  ചിന്തകളുടെ ഒഴുക്കും ആ മഴയോടൊപ്പം ഒരു വേരില്‍ തട്ടി നിന്നു.

                                                  മഴവെള്ളത്തില്‍ നിന്നും ജനനം കൊള്ളുന്ന ചില നേഴ്സുമാര്‍ ഇടംവലം മൂളിപ്പാട്ടും പാടി നടക്കുന്നു. അവയിലൊരുവളെന്റെ  പള്ളക്കു കുത്തി. അപാരശക്തി തന്നെ. എന്തൊരു ചൊറിച്ചില്‍. നൂറു നൂറു കച്ചേരികള്‍ക്കിടയില്‍ നിന്നും എന്നെ കുത്തിയ ഭാഗവതരെ കണ്ടു പിടിക്കും എന്ന വാശിയോടെ ഞാന്‍ ചാടി എണീറ്റു. ഭാഗവതര്‍ പേടിച്ചിട്ടുണ്ടാവണം. എന്തൊരതികായനായ മനുഷ്യന്‍. ഈ കലിയില്‍ ബലിഷ്ടമായ ആ കരമൊന്നു വീശിയാല്‍, തീര്‍ന്നു ഭാഗവതരുടെ ജന്മം. അങ്ങനെ ഊറ്റം കൊണ്ട് നില്‍ക്കുമ്പോള്‍ പെട്ടെന്നൊരു കൂറ പറന്നു വന്ന് എന്‍റെ മുഖത്തടിച്ചു. കൈ രണ്ടും വായുവില്‍ കറക്കികൊണ്ട് ഹൂ...ഹാ..ഹൊ. ബലിഷ്ടന്‍ ബലിയോളമായി. ഞാന്‍ പേടിച്ചു പോയി.

                                                ചെറിയ മഴനൂലുകള്‍ക്കിടയിലൂടെ കാറ്റു വീശുന്നു. ഊര്‍ജതന്ത്രത്തിന്റെ  ചെറുചൂളം വിളിയോടെ. അതിന്റെ  ഉപോല്പന്നം, ഒരു തൂവാനം എന്റെ  മേലടിച്ചു . ആ വാശിക്കു ഞാനൊരു കട്ടന്‍ തീര്‍ത്തു. തെല്ലൊരാശ്വാസം ഒരു ദീര്‍ഘനിശ്വാസത്തോടെ പുറത്തു വന്നു. ഞാന്‍ പുറത്തേക്കിറങ്ങി നടന്നു. നടന്നിരുന്നു. നടന്നുകൊണ്ടേയിരിക്കുകയായിരുന്നു. മരങ്ങള്‍ക്കിടയിലൂടെ ഞാന്‍ നീങ്ങി. എന്നേക്കാള്‍ പ്രായം തോന്നുന്ന തരുക്കള്‍ മൌനമായി കണ്ണീരണിഞ്ഞുനില്‍ക്കുന്നു. ചുറ്റുപാടും മുഴച്ചു നില്‍ക്കുന്ന വേരുകള്‍. ഇവയിലേതിലോ എന്റെ  ചിന്ത ഉടക്കികിടപ്പുണ്ട്. ഞാന്‍ ഓര്‍മ്മയില്‍ ചികഞ്ഞു.ആ വേരു കണ്ടു. അത് ഭൂമിക്കു മുകളില്‍ മുഴച്ചുമുറ്റിനില്‍ക്കുന്നു. ഒരു നാനാര്‍ത്ഥ പടുവേര്. അതിനു മുകളിലെ മുറിവുകള്‍ കണ്ടാലറിയാം നല്ല പടുത്വം ഉണ്ടെന്ന്. ഒരിക്കല്‍ ഭൂമിയുടെ ആഴങ്ങളിലേക്ക് ആഴ്ന്ന വേര്. അന്നത്തെ അടിവേര്. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് കണ്ടെത്തിയ ആഴങ്ങള്‍ പരപ്പായി, പരപ്പുകളില്‍ നിന്നും ആഴങ്ങളുണ്ടായി, ആഴങ്ങളില്‍ പുതിയ അടിവേരുകളും ഉണ്ടായി. പുറംലോകത്തെ കണ്ടപ്പോഴാകാം,മഴയിലലിഞ്ഞൊഴുകുന്ന മണ്ണിനെ കണ്ടപ്പോഴാവാം, മണ്ണും മഴയും തമ്മിലുള്ള കടുത്ത പ്രണയം വേരറിഞ്ഞത്. പ്രകൃതിയില്‍ പ്രണയം മാത്രമേ ഉള്ളു. അല്ലേ? മണ്ണും മഴയും, കാറ്റും മരവും, പൂക്കളും വണ്ടുകളും, ആകാശവും മേഘവും അങ്ങനങ്ങനെ പരസ്പരം പുണരുന്നവ മാത്രം. അല്ലേ? അല്ല. അതു പ്രകൃതി മാത്രം. ഇനി പുരുഷനുണ്ട്. പുരുഷനെന്തെല്ലാമുണ്ട്. ബലം, ബുദ്ധി, ബന്ധുത്വം, ബുദ്ധിമുട്ടുകള്‍, ബദ്ധപ്പാടുകള്‍, വിശപ്പ്‌ അങ്ങനെ എന്തെല്ലാം. പിന്നെ അവന്റെതായ  ഒരു പ്രകൃതിയും.
                                             
                                            പ്രകൃതിയുടെ വിശപ്പും ദാഹവും വേരോളം അനുഭവിച്ചത് വേറാരുണ്ട്. വേരുതന്നെ. അതതിനെ ഭൂമിയുടെ ആഴങ്ങളില്‍ പരതുവാന്‍ പ്രലോഭിപ്പിച്ചു. അങ്ങനെ ആ വേര് പടുവേരായി. കാത്തിരിപ്പുകള്‍ ഒരുപാടുണ്ടായിരുന്ന ഒരു വേര്. എല്ലാം കാത്തിരുപ്പല്ലേ? ജീവിതം തുടങ്ങുവാനുള്ള കാത്തിരുപ്പ്. അത് മെച്ചപ്പെടുത്തുവാന്‍  കാത്തിരുപ്പ്. അതിനിടയില്‍ തന്നെ പിന്നെയും എത്രയെത്ര കാത്തിരിപ്പുകള്‍. എങ്കിലും അന്ത്യമായ് പിന്നെയും കാത്തിരുപ്പ്. അന്ത്യത്തിനായുള്ള കാത്തിരുപ്പ്. പ്രകൃതിയെ നിലനിര്‍ത്തുവാന്‍ ഭൂമിയിലേക്ക് മാത്രം ജീവിച്ചിറങ്ങിയ വേര്. ഇന്ന് പ്രകൃതി പോയിട്ടും കാത്തിരിക്കുന്ന ഒരു കാത്തിരുപ്പ്. വെറുതെയല്ല ആ കാത്തിരുപ്പ്. ഉറച്ചു തന്നെ. ആ കാത്തിരുപ്പിന് ഭൂമിക്ക് മുകളില്‍ തണലേകുവാന്‍ കിളിര്‍ത്ത കുഞ്ഞുങ്ങള്‍. ആ കുരുന്നുകള്‍ മുള പൊട്ടുവാന്‍ എത്രമേല്‍ കാത്തിരുന്നെന്നോ,ആ പുരുഷനും അതിന്റെ  പ്രകൃതിയും. മുള പൊട്ടി. പൊട്ടി വിരിഞ്ഞിരുന്നു. ജീവവായുവിനായി തളിരിലകള്‍ വിടര്‍ത്തി.ജീവജലത്തിനായി തളിര്‍വേരുകളും ആഴ്ത്തി. ആ പടുവേരും ഒരിക്കല്‍ തളിര്‍വേരായിരുന്നു. 'തളിര്‍വേരോ'? അതെ. ഇന്നത്തെ പടുവേര്...