എന്തൊക്കെയോ ഒരുപാട് എഴുതണമെന്നുണ്ട് . പക്ഷേ ഒന്നിനും സമയം പോരാതെ വരുന്നു. ഒരുപാട് പഠിക്കുവാനുണ്ട്. ഈ കാലമത്രയും പഠിച്ചതിന്റെ കുറിപ്പുകള്‍ എഴുതുവാനുമുണ്ട്. പിന്നെയും പഠിക്കുവാനുണ്ട്. ഈ ശരീരത്തില്‍നിന്നും ശ്വാസം അകലുന്നവരെ, ഞാന്‍ ഒരു ജടമായി ഇഴഞ്ഞുകയറുന്ന പുഴുക്കളോട് പരിഭവം തെല്ലുമില്ലാതെ വിറുങ്ങലിച്ചു കിടക്കുമ്പോള്‍ വരെ എനിക്ക് പഠിക്കുവാനുണ്ട്. അതിനുമപ്പുറം എനിക്ക് പറയുവാനുമുണ്ട്. ശ്വാസങ്ങളിലെ ആശ്വാസവും ആശങ്കകള്‍ ജനിപ്പിച്ച നെടുവീര്‍പ്പുകളും ഒക്കെ പറയുവാനുണ്ട്. ഇരുണ്ടടയാറായ കണ്ണുകളില്‍ തുളുമ്പിവീഴാന്‍ കാത്തുനിന്ന കണ്ണുനീര്‍തുള്ളികള്‍ എന്‍റെ ഓര്‍മകളെകൂടെ മറച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയി. ഞാന്‍ നിശയുടെ നിലാവഴികളില്‍ സൂര്യനെ അന്വേഷിച്ചു നടന്നു. പകലിന്‍റെ പ്രഭയില്‍ നക്ഷത്രങ്ങളെ കാണുവാന്‍ തിരഞ്ഞു. വന്നുകണ്ടിട്ടുപോയ തിരകള്‍ ഒന്നും പറഞ്ഞില്ല. അവരുടെ പാട്ടും കേട്ടില്ല. വന്നുതഴുകിപോയ കാറ്റും ഒന്നും മിണ്ടിയില്ല. പോയപ്പോള്‍ എന്നെ കൂടെകൂട്ടിയതുമില്ല. പിന്നെയും പിന്നെയും തീരത്തെ കാണുവാന്‍ കൊതിക്കുന്ന തിരകള്‍ക്കു തീരത്തെ തലോടി മടങ്ങുമ്പോള്‍ ആത്മസുഖം ഉണ്ടായിരിക്കുമോ? തീരത്തുള്ള പൂഴിമണ്ണിനെ കുതിര്‍ത്തു മടങ്ങുവാന്‍ കഴിയാതെ, തന്‍റെ ഇഷ്ടം അറിയിക്കുവാന്‍ കഴിയാതെ കല്ലില്‍ തലതല്ലിതീരുന്ന തിരകള്‍ക്ക് വീണ്ടും ജനിക്കുവാന്‍ കഴിയുമോ? ഒരുവേള അവര്‍ എന്നോടിത് പറഞ്ഞിട്ട് പോയെങ്കിലെന്നു ഞാന്‍ ആശിച്ചിരുന്നു. തിരകളെ തീരം ചൂണ്ടികാട്ടിയ കാറ്റ് എന്നോട് പറഞ്ഞു ഈ കാണുന്ന ഇരുട്ടിന്റെ മറവിൽ ഒരു പാട്ട് ഉണ്ടെന്ന്.
എന്‍റെ കാലുകള്‍ ഇരുട്ടില്‍ നടക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ ഒരു പാട്ടുകേട്ടു. ഒരു വാനമ്പാടിയുടെ പാട്ട്. അതിന്‍റെ പാട്ടുകേല്‍ക്കുവാന്‍ ഞാന്‍ വീണ്ടും ഇരുട്ടില്‍ നടന്നു. പാടികൊണ്ട് പറന്നകലുന്ന അവളുടെ മനസിനുപിന്നാലെ ഞാനും നടന്നു. എനിക്കു മുന്‍പേ എവിടെയോ ചെല്ലുവാന്‍ ഉണ്ടെന്നപോലെ അവള്‍ തിടുക്കത്തില്‍ പറന്നു. പിന്നെ എന്നോട് പരിഭവം ഉണ്ടെന്നപോലെ പാടാതെ ഇരുന്നു. പാടാതെയും പറക്കാതെയും കാലങ്ങൾ കഴിഞ്ഞു. കൂട്ടിയ കൂടുവിട്ടു കിളികൾ പറന്നുപോയി. കാറ്റിന്റെ ചെവിയിൽ ഒരു നിശ്വാസമായ് ആ വാനമ്പാടിയും മറഞ്ഞുപോയ്. തീരത്തണയാത്ത തിരകളെ പുനർജനിപ്പിക്കുവാൻ കാറ്റിന്റെ കയ്യിൽ ഒരു പാട്ടുകൂടി ഉണ്ട്. എന്റെ വാനമ്പാടിയുടെ ശ്വാസം പകർന്ന പാട്ട്. എന്റെ പാട്ട്. പുനർജന്മത്തിൽ തീരത്തടുക്കുന്ന തിരകൾ പൂഴിയോട് പറയുന്നതിൽ ഇപ്പോൾ എന്റെ പാട്ടിന്റെ പ്രണയവുംകൂടി ഉണ്ട്. തീരത്തണയാത്ത തിരകൾ പുനർജന്മത്തിനായി കാത്തിരിക്കുന്നുമുണ്ട്.
പ്രിയ പാട്ടുകാരി, നമുക്കിനിയും ജനിക്കാം. അതുവരെ നമ്മുടെ പാട്ടുകൾ ഞാൻ ഏകനായി പാടാം.