02 മാർച്ച് 2012

ഒരു രാത്രി ഒരു പ്രണയം


                               നിലാവിന്റെ നീലിമയില്‍ അരിച്ചിറങ്ങുന്ന തണുപ്പ്. എന്നിട്ടും ഞാന്‍ ഇറങ്ങി നടന്നു. പ്രകൃതിയിലെ സ്വന്തം പ്രകൃതിയെയും തേടി.പ്രഭാതത്തിലേക്കുള്ള വഴിയറിയാതെ. വഴിയറിയാമായിരുന്നെങ്കില്‍ തിരികെ നടക്കാമായിരുന്നു. കാരണം എനിക്കവളെ ഇഷ്ട്ടമാണ് . രാത്രിയെ. വെണ്‍ചന്ദ്രന്റെ പുഞ്ചിരിയില്‍ മയങ്ങി ഭസ്മവും വാരിച്ചുറ്റി നില്‍ക്കുന്ന അവളെ കാണാന്‍ എത്ര സുന്ദരിയാണ്. അവള്‍ ലജ്ജാവതിയാണ്. അവള്‍ ലോലചിത്തയാണ്. മംഗളദായകയാണ്. വിശ്രമവും ഉറക്കവും അവളില്‍ നിന്നും ഉണ്ടാകുന്നു. സ്വപ്നങ്ങളെ അണിയിചൊരുക്കുന്നു, അവളില്‍ എത്തിച്ചേരുന്ന എല്ലാവര്‍ക്കും വേണ്ടിതന്നെ. അവള്‍ നല്‍കുന്നത് സുഖം മാത്രമല്ല, ഉണരുമ്പോള്‍ വേണ്ടുന്ന ഊര്‍ജവുംകൂടിയാണ്. അവളെ തിരിച്ചറിയുവാന്‍ വേണ്ടുന്ന രസതന്ത്രം എല്ലാവരിലും പ്രകൃതി നിറച്ചിരിക്കുന്നു. രാത്രി അരികിലെത്തുമ്പോള്‍ വാ പിളര്‍ന്ന് നാം അവളില്‍നിന്നും അന്നം വാരിയുണ്ണുന്നു. അവളെ കണ്ടാല്‍ പ്രണയിക്കുവാന്‍ തോന്നും.
                              അവള്‍ക്കെങ്ങനെ മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കുവാന്‍ കഴിയും. ചിലര്‍ക്കെങ്കിലും അവളെ എങ്ങനെ പേടിക്കുവാന്‍ കഴിയുന്നു.അവളറിയാതെ അവള്‍ക്കുപുറകില്‍ പതിയിരിക്കുന്നതിനെയാണ് നമുക്കു പേടി. വിശപ്പ്‌ കൂടിയിട്ടാണവര്‍ പതിയിരിക്കുന്നത്‌. വയറിനു വിശപ്പ്‌, മനസ്സിനും വിശപ്പ്‌. പണത്തിനായുള്ള വിശപ്പ്‌, കൂടെ പണത്തിന്റെ വിശപ്പും. എല്ലാം കൂടി രാത്രിയില്‍ പതിയിരിക്കുന്നു.
                             ഒരു ശ്വാസം വലിച്ചുവിട്ട് ഞാന്‍ പിന്‍തിരിഞ്ഞുനോക്കി. എനിക്കു പിന്നിലായ് വല്ല വിശപ്പും കാത്തിരിപ്പുണ്ടോ? ആവു. ആര്‍ക്കറിയാം. ആലോചിച്ചിട്ടു പേടിയാകുന്നു. ആ പോട്ടെ, എന്തിനതാലോചിക്കണം. ഞാന്‍ നടന്നകന്നു. വിശാലമായ ഈ ഭൂമിയിലൂടെ. ഞാന്‍ നോക്കി നിന്നു. ആ ആകാശത്തെ, അതിന്റെ വിശാലതയെ. വിരിച്ചിട്ട ആകാശത്ത്‌ വിതറിയിട്ടിരിക്കുന്ന നക്ഷത്രങ്ങള്‍. പ്രകൃതിയില്‍ കൂടി-പിറന്ന ആ നക്ഷത്രങ്ങളിലൊന്നിനെ എനിക്കുവേണം. അനുഭവങ്ങള്‍ നല്‍കാന്‍. അനുഭവിക്കാന്‍. ഒരു ചിത്രം വരച്ചു കൊടുക്കാന്‍, ഒരു കഥ പറഞ്ഞു കൊടുക്കാന്‍, ഒരു ഗാനം പാടി കേള്‍പിക്കാന്‍, ഈ നിലാവില്‍ കരംഗ്രഹിക്കാന്‍, എന്റെ നെഞ്ചോടു ചേര്‍ത്തുറക്കാന്‍ .
                            ഒരു നക്ഷത്രത്തെ ഞാന്‍ കണ്ടു. അതെന്നെ നോക്കി കണ്ണുചിമ്മി. ഞാനാപ്രഭയിലലിഞ്ഞുനിന്നു. അവളൊരു കുഞ്ഞുമാലാഖയായി എന്നരികില്‍ വന്നു. ഞാനാകരംഗ്രഹിച്ചു .അധരങ്ങള്‍ തമ്മില്‍ കഥ പറഞ്ഞു .പ്രകൃതിയിലെ സംഗീതം ഞാന്‍ കേട്ടുനിന്നു .അതിലെന്റെ ശ്രുതിയുമവളായിവന്നു. ജീവിതം ചിത്രമായ് വരച്ചു ഞാന്‍ നിന്നു. അതിലെന്റെ നിറങ്ങളവളായിനിന്നു. അതിലെന്റെ പ്രണയമായ് ചേര്‍ന്നുനിന്നു. രാവിന്റെ കാഴ്ച്ചയെ വര്‍ണിച്ചുംകൊണ്ടവള്‍ എന്റെ  മാറിലായ് ചേര്‍ന്നുറങ്ങി.
                           എന്തൊരോച്ച... അപായമണി പോലെ. ഞാനുണര്‍ന്നുപോയ്‌ . ഹൊ...നേരം വെളുത്തുപോയ്‌. കോഴികള്‍ വേണമെന്നില്ല, ഇപ്പോള്‍ മണി മുഴങ്ങിയാലും നേരം വെളുക്കും. പ്രകൃതി നിറച്ചതില്‍ മണിയുടെ രസതന്ത്രവും കാണണം. ഞാന്‍ പിറകിലോട്ടോര്‍ത്തു. ശരിക്കും രാത്രിയെ ആഗ്രഹിച്ചുപോയ്‌. രാത്രി തീരില്ലെന്ന് ആശിച്ചുപോയ്‌. എന്റെ വിശപ്പകന്നു.മൂരി നിവര്‍ന്നുകൊണ്ട് അന്നം മതിയെന്നുവച്ചു. അവള്‍, രജനി ഇനിയും വരും വരെ ഈ ഊര്‍ജത്തിന്റെ തന്ത്രത്തിലൂടെ.